പെരുമൺ തേര്
ദക്ഷിണ കേരളത്തിൽ പെരുമൺ ഭദ്രകാളീക്ഷേത്രത്തിൽ മാത്രമാണ് തേരുകെട്ടി ഉത്സവം നടത്തുന്നത്. ഇരുപത്തിയൊന്നേകാൽ കോൽ ഉയരമാണ് തേരിന്. നാല് മര ഉരുളുകളിൽ ഉറപ്പിച്ചിട്ടുള്ള ചട്ടത്തിലാണ് തേരിന്റെ കതിരുകാൽ ഉയർത്തുന്നത്. തേരുകെട്ട് പൂർത്തിയാക്കി തൊപ്പിക്കുട ഉറപ്പിച്ച് തേരിൽ തൂപ്പുകട്ടി തേങ്ങ ഉടച്ചുകഴിഞ്ഞാൽ ഭഗവതി തേരിനുള്ളിൽ എഴുന്നള്ളുമെന്നാണ് സങ്കല്പം. തേര് അനക്കൽ 06ചടങ്ങാണ് ഏറെപ്രധാനം. ഇത് കണ്ടുതൊഴുതാൽ പാപപരിഹാരം ലഭിക്കുമെന്ന് വിശ്വസിക്കുന്നു..
തേര് ഒരുക്കം
വേണാട്ട് രാജാവിന്റെ കാലഘട്ടത്തിലാണ് പെരുമൺ ക്ഷേത്രത്തിൽ തേരുകെട്ട് മഹോത്സവം ആരംഭിച്ചത് എന്നാണ് സങ്കൽപ്പം. നാല് മര ഉരുളുകളിൽ ഉറപ്പിച്ചിട്ടുള്ള ചട്ടത്തിലാണ് തേരിന്റെ കതിരുകാല് ഉയർത്തുന്നത്. വളരെ പ്രധാനപ്പെട്ട ചടങ്ങാണിത്. ഒരു കണക്കന്റെ നേതൃത്വത്തിൽ നാട്ടിലെ പരിശീലനം സിദ്ധിച്ച ആളുകളാണ് തേര് കെട്ടുന്നത്. ഇരുപത്തി ഒന്നേകാൽ കോൽ നീളമാണ് തേരിനുള്ളത്. പൂജ നടത്തി തേങ്ങ മുറിച്ചു നാട്ടുകാരുടെ കുരവയും, ആർപ്പുവിളിയുമായി കതിരുകാൽ ഉയർത്തുന്നു. കതിരുകാൽ ഉയർത്തി കഴിഞ്ഞാൽ പിന്നെ രണ്ടു ദിവസം തേരിന്റെ പണികൾ ആയിരിക്കും.
മൂന്നാം നാൾ കരയിലെ പ്രമാണിമാരും. ആശാരിമാരും തണ്ടാന്മാരും കൊല്ലപ്പണിക്കാരും തട്ടാന്മാരും വെളുത്തേടത്ത് പണിക്കന്മാരും ചേർന്ന് തേരിന്റെ വളചട്ടത്തിന്റെ പണി നടത്തുന്നു. തേരിന്റെ മുൻഭാഗം അലങ്കരിക്കുന്നത് ഈ വളചട്ടമാണ്. വള ചട്ടത്തിൽ വെള്ളമുണ്ടു പാകി നെറ്റിപ്പട്ടവും ആലവട്ടവും വെൺചാമരവും മറ്റും കൊണ്ടു അലങ്കരിച്ച് വളചട്ടം മുൻഭാഗത്ത് ഉറപ്പിക്കുന്നു. ആശാരിമാരാണു തൊപ്പിക്കുടയുടെ പണി നടത്തുന്നത്. തൊപ്പിക്കുട ഉറപ്പിച്ച് തേരിൽ തൂപ്പുകെട്ടി തേങ്ങ മുറിച്ച് കഴിഞ്ഞാൽ ഭഗവതി തേരിനുള്ളിൽ എഴുന്നള്ളുമെന്നാണ് സങ്കൽപ്പം. തേര് അനക്കുന്ന ചടങ്ങ് ഒരു പ്രധാനപ്പെട്ട കർമ്മമാണ്. തേര് അനക്കുന്ന മുഹൂർത്തത്തിൽ ദേവിയ്ക്ക് കാണിക്കയിട്ട് തൊഴുമ്പോൾ ദേവി ഭക്തരെ തൃക്കൺ പാർക്കുകയും അനുഗ്രഹിക്കുകയും ചെയ്യും. പോയ വർഷത്തെ പാപത്തിനുപരിഹാരമായി എന്നാണു സങ്കൽപ്പം.
തേര് എഴുന്നള്ളത്തും കെട്ടുകാഴ്ച്ചയും കഴിഞ്ഞതിനുശേഷം കിഴക്കെ അമ്പലമായ ദുർഗദേവിയുടെ അമ്പലത്തിന് പ്രദക്ഷിണം വച്ച ശേഷം തേര് കിഴക്കു വശത്ത് അരയിരുത്തുന്നു. വെളുപ്പിന് നാലുമണിക്കു പടിഞ്ഞാറെ അമ്പലത്തിലേയ്ക്കു എഴുന്നള്ളത്തു നടത്തുന്ന തേര് ക്ഷേത്രത്തിനു മുന്നിൽ അരയിരുത്തിയശേഷം ശ്രീഭൂതബലിയും, കുട്ടികളുടെ തലയിൽ വിളക്കെടുപ്പും നടത്തി ഉത്സവം സമാപിക്കുന്നു. ഉത്സവത്തോടനുബന്ധിച്ചുള്ള ഏറ്റവും പ്രധാന വഴിപാട് ആണ് പിള്ളൈ വയ്പ്പ്. ആൺകുട്ടികളുടെ തലയിൽ വിളക്കെടുപ്പും പാളയും കയറും നേർച്ചയുമാണ് മറ്റ് പ്രധാന വഴിപാടുകൾ. ഏതാണ്ട് നാൽപ്പത്തഞ്ച് വർഷങ്ങൾക്കപ്പുറം ക്ഷേത്രങ്ങൾ നിൽക്കുന്ന സ്ഥലം ഒഴിച്ച് ഇന്ന് മൈതാനം പോലെ കിടക്കുന്ന സ്ഥലത്തെല്ലാം നിബിഡമായ സർപ്പക്കാവുകളായിരുന്നു. കിഴക്കേ ക്ഷേത്രത്തിൽ നിന്നും പടിഞ്ഞാറെ ക്ഷേത്രത്തിലേക്ക് പോകാൻ ഒരു വഴി മാത്രമാണുണ്ടായിരുന്നത്. അക്കാലത്ത് തേരുകെട്ടും ഉത്സവങ്ങളും നടത്തിയിരുന്നത് യക്ഷിയമ്മൻ കോവിലിനു തെക്കു വശം ഉണ്ടായിരുന്ന ആറാട്ടു കുളത്തിനു സമീപവും തൊട്ടുകിടന്ന കോയിക്കവയലിലുമായിരുന്നു. തേരുകെട്ടും ആഘോഷങ്ങളും എല്ലാം കഴിഞ്ഞു വെളുപ്പിനു നാലുമണിക്ക് ശേഷമാണു ക്ഷേത്രത്തിലേക്ക് തേര് എഴുന്നള്ളിക്കുന്നത്.
ആറാട്ടുകുളത്തിനും കോയിക്കവയലിനും നടുവിലൂടെ റെയിൽവേ ലൈൻ വന്നതു കൊണ്ടും ആറാട്ടുകുളം പൊളിച്ചു ഭാഗികമായി നികത്തിയതിനാലും അവിടെ വെച്ചു ഉത്സവം നടത്താൻ സാധിക്കാതെ വന്ന സാഹചര്യത്തിൽ ക്ഷേത്രപരിസരത്തുണ്ടായിരുന്ന സർപ്പക്കാവുകൾ വെട്ടി തെളിച്ചാണ് ഇന്നുള്ള സ്ഥലസൗകര്യങ്ങളുണ്ടാക്കിയത്. അന്ന് മുതൽ തേരുകെട്ടും കലാപരിപാടികളും എല്ലാം ക്ഷേത്ര പറമ്പിൽ വച്ച് തന്നെ നടത്തിവരികയാണ്. മേൽപ്പറഞ്ഞ ആറാട്ടുകുളം പൊളിച്ച കല്ലുകൾ കൊണ്ടാണ് കിഴക്കേ ക്ഷേത്രത്തിന്റെ ചുറ്റുമതിലും ആൽത്തറകളും നിർമിച്ചിട്ടുള്ളത്.
പൊളിഞ്ഞ് കിടന്ന ആറാട്ടുകുളം ക്ഷേത്ര ഭരണസമിതി നിലവിൽ വന്നപ്പോൾ കരിങ്കല്ലു കെട്ടി കമനീയമായി പണി കഴിപ്പിച്ചു. എന്നാൽ റെയിൽവേ ലൈൻ ഇരട്ടിപ്പിക്കുന്ന ഘട്ടം വന്നപ്പോൾ ഈ ആറാട്ടുകുളം പൂർണ്ണമായും നികത്തി. അതിനു മുകളിലൂടെ രണ്ടാമത്തെ റെയിൽവേ ലൈൻ നിലവിൽ വരികയും ചെയ്ത സാഹചര്യത്തിൽ ഇരുന്നൂറോളം മീറ്റർ കിഴക്ക് മാറി പുതിയ ആറാട്ടുകുളം നല്ല രീതിയിൽ നിർമിച്ച് റെയിൽവേക്ഷേത്രത്തിനു കൈ മാറിയിട്ടുണ്ട്.